പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്.
ബന്ധുവായ സ്ത്രീയോടൊപ്പം പെണ്‍കുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രഥമദൃഷ്ട്യാ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതായും അലോക് മിശ്ര അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള കര്‍ശന സംരക്ഷണ (പോക്സോ) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
138 Less than a minute