ന്യൂഡല്‍ഹി: മുപ്പത്തിരണ്ടുകാരിയുടെ പിത്താശയത്തില്നിന്നു 1500 കല്ലുകള്‍ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. ന്യൂഡല്‍ഹിയിലെ സര് ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് പിത്താശയക്കല്ലുകള്‍ നീക്കം ചെയ്തത്.
ഐ.ടി. ഉദ്യോഗസ്ഥയായ യുവതി ജങ്ക് ഫുഡുകളും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ശീലമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് നിരന്തരം വയറ് വീര്‍ക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കഴിഞ്ഞ മൂന്നുനാലു മാസമായി അന്റാസിഡും മറ്റും കഴിച്ചാണ് പരിഹാരം കണ്ടിരുന്നത്. വേദന അസഹ്യമായതോടെയാണ് ആശുപത്രിയിലെത്തുന്നത്.
വയറിന്റെ വലതുവശത്ത് മുകള്‍ഭാഗത്താണ് യുവതിക്ക് നിരന്തരം വേദന അനുഭവപ്പെട്ടിരുന്നത്. പതിയെ അത് പുറംഭാഗത്തേക്ക് ചുമലിലേക്കും വ്യാപിച്ചു. വേദനയ്ക്കൊപ്പം ഓക്കാനവും ഛര്‍ദിയും അനുഭവപ്പെട്ടതോടെ യുവതി വിദഗ്ധചികിത്സയ്ക്ക് ആശുപത്രിയിലെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിത്താശയത്തില്‍ കല്ലുകള്‍ നിറഞ്ഞതായി കണ്ടെത്തിയത്. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഡോ. മനീഷ് കെ. ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം കല്ലുകള്‍ നീക്കം ചെയ്തു. പിത്താശയത്തില്‍ ചെറുതും വലുതുമായി ആയിരത്തിയഞ്ഞൂറില്‍പ്പരം കല്ലുകള്‍ കണ്ടത് ഞെട്ടിച്ചുവെന്ന് മനീഷ് പറഞ്ഞു.
ജീവിതരീതിയിലെ മാറ്റവും രണ്ട് ഭക്ഷണങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യം വര്‍ധിക്കുന്നതും ദീര്‍ഘസമയമുള്ള വ്രതവുമൊക്കെ പിത്താശയക്കല്ലുകള്‍ക്ക് കാരണമാകാമെന്ന് മനീഷ് പറഞ്ഞു. ചികിത്സിക്കാതെ ഇരിക്കുക വഴി മഞ്ഞപ്പിത്തം, പാന്‍ക്രിയാറ്റിസ്, അര്‍ബുദം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
78 Less than a minute