തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരായ ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം. ഇരിക്കുന്ന പദവിക്ക് യോജിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യബോധത്തോടെ കാണുന്നു. എന്നാല്‍, പറയുന്നത് വസ്തുതാപരമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും റഹീം കൂട്ടിചേര്‍ത്തു. സിപിഐ വിമര്‍ശനം ഉന്നയിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും ആദ്യമായിട്ടല്ല. മുമ്പും ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ ഐക്യം ദുര്‍ബലപ്പെടണമെന്ന് ആ?ഗ്രഹിക്കുന്നവര്‍ക്ക് അവസരം കൊടുക്കാന്‍ ആ?ഗ്രഹിക്കുന്നില്ലെന്നും റഹീം വ്യക്തമാക്കി.
കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വം എസ്.എഫ്.ഐയ്ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
പ്രാകൃതമായ സംസ്കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
81 Less than a minute