ചെന്നൈ: തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയേക്കും. യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി. ഓഗസ്റ്റ് 22-ന് മുമ്പായി അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം. ദി ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.
സര്‍ക്കാരില്‍ ആധിപത്യംവര്ധിപ്പിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യംവെക്കുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയുടെ മുഖമായി മാറാനും ഉദയനിധി ലക്ഷ്യംവെക്കുന്നുണ്ട്.
അതേസമയം, ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ എം.കെ.സ്റ്റാലിന് നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന് ഓഗസ്റ്റ് 22-ന് യുഎസിലേക്ക് പോകുന്നതിനാല്‍ അതിന് മുമ്പായി ഉദയനിധി പുതിയ സ്ഥാനത്തെത്തുമെന്നാണ് വിവരം.
67 Less than a minute