BREAKINGKERALALOCAL NEWS

കടലാക്രമണം രൂക്ഷം; എടവനക്കാട് നാളെ ഹര്‍ത്താലിന് ആഹ്വാനം

കൊച്ചി: രൂക്ഷമായ കടല്‍ക്ഷോഭത്തിന് പിന്നാലെ എറണാകുളം എടവനക്കാട് പഞ്ചായത്തില്‍ നാളെ (വ്യാഴാഴ്ച) രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം. പ്രാദേശിക കൂട്ടായ്മയായ ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എറണാകുളം ചെറിയകടവ് മേഖലയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. ഒരു വീട് ഭാഗികമായി തകര്‍ന്നു. കണ്ണമാലിയിലും വീടുകളില്‍ വെള്ളം കയറുന്നത് തുടരുകയാണ്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
മലപ്പുറം ചെമ്പ്രശ്ശേരിയില്‍ മഴയില്‍ വീട് തകര്‍ന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. അപകടം സമയത്ത് വീടിനകത്തുണ്ടായിരുന്ന സുരേഷും, ഭാര്യയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിന്റെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേരാണ് വീട്ടില്‍ താമസിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയര്‍ പുഴയുടെ കുറുകെയുള്ള ഊര്‍ക്കടവ് റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയര്‍ത്തി. കനത്ത മഴയില്‍ കോഴിക്കോട് കോട്ടൂളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതില്‍ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ഗ്രീറ്റ് മതില്‍ ആണ് തകര്‍ന്നത്. അപകട സാധ്യത തുടരുന്നതിനാല്‍ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. മഴ തുടര്‍ന്നാല്‍ മതിലും മണ്ണും ഇനിയും തകര്‍ന്ന് വീഴാന്‍ സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button