BREAKINGNATIONAL

ജിം ട്രെയ്‌നറെ വിവാഹം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നു; മൂന്ന് വര്‍ഷത്തിന് ശേഷം യുവതി പിടിയില്‍

ജിം പരിശീലകനായ കാമുകനെ വിവാഹം കഴിക്കാന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്ന യുവതി മൂന്ന് വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ഹരിയാന പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാരയുടെ കൊലപാതകത്തിലാണ് ഇയാളുടെ ഭാര്യ നിധി അറസ്റ്റിലായിരിക്കുന്നത്. അടുത്തിടെ പൊലീസിന് ലഭിച്ച ഒരു വാട്ട്‌സ്ആപ്പ് സന്ദേശമാണ് കൊലപാതകത്തിന്റെ സൂത്രധാരയിലേക്കെത്താന്‍ പൊലീസിന് സഹായകമായത്.
കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന വിനോദ് ബരാര ഭാര്യക്കും മകള്‍ക്കുമൊപ്പം ഹരിയാനയിലെ പാനിപ്പത്തിലാണ് താമസിച്ചിരുന്നത്. ഇതിനിടെ നിധി തന്റെ ജിം പരിശീലകനായ സുമിത്തുമായി പ്രണയത്തിലായതാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള ബന്ധം വിനോദ് അറിയുകയും ഇതേക്കുറിച്ച് ഭാര്യയോട് ചോദിക്കുകയും ചെയ്തു. അവിഹിതബന്ധം ദമ്പതികള്‍ക്കിടയില്‍ നിരന്തര വഴക്കിന് കാരണമായിരുന്നു.
വഴക്ക് പതിവായതോടെ നിധി കാമുകന്‍ സുമിത്തിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടു. വിനോദിനെ ട്രക്കിടിപ്പിച്ചു കൊല്ലാന്‍ ഇരുവരും പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിന് ക്വട്ടേഷന്‍ നല്‍കി. 10 ലക്ഷത്തിലേറെ രൂപയാണ് ഇതിനായി സുനാറിന് നല്‍കിയത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ അഞ്ചിന് നടന്ന ആദ്യ കൊലപാതക ശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും വിനോദ് അതിജീവിച്ചു.
ഇതോടെ നിധി സുനാറിനോട് തന്റെ ഭര്‍ത്താവിനെ വെടിവച്ചു കൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപകടം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷം, സുനാര്‍ വിനോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊല്ലുകയായിരുന്നു. പിന്നാലെ സുനാര്‍ അറസ്റ്റിലാവുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വിനോദിനെ താന്‍ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്.
സുനാര്‍ ജയിലിലായതോടെ ഇയാളുടെ വീട്ടുചെലവുകള്‍ വഹിച്ചതും അഭിഭാഷകന് ഫീസ് നല്‍കിയതുമെല്ലാം നിധിയും സുമിത്തും ചേര്‍ന്നായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം മകളെ നിധി ആസ്‌ത്രേലിയയിലുള്ള ബന്ധുവിന്റെ അടുക്കലേക്ക് അയയ്ക്കുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്തു. ഇത് വിനോദിന്റെ വീട്ടുകാരില്‍ സംശയത്തിനിടയാക്കിയിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം പാനിപ്പത്ത് എസ്പി അജിത് സിങ് ഷെഖാവത്തിന്റെ ഫോണിലേക്ക് ഒരു വാട്ട്സ്ആപ്പ് സന്ദേശം വന്നു. സുനാര്‍ മാത്രമല്ല കുറ്റവാളിയാണെന്നും മറ്റു ചിലര്‍ക്കും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമായിരുന്നു സന്ദേശം. വിനോദിന്റെ സഹോദരന്‍ പ്രമോദാണ് സന്ദേശം അയച്ചത്. ഇതോടെ പൊലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് സുനാറിന്റെ കോള്‍ വിശദാംശങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. സുനാര്‍ സുമിതുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദിന്റെ ഭാര്യ നിധിയെ സുമിത്ത് നിരവധി തവണ കോള്‍ ചെയ്തതായും ഇതില്‍ ചിലത് മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്നതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സുമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍, നിധിയുടെ നിര്‍ദേശപ്രകാരമാണ് വിനോദിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് നിധിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button