തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ആര്‍.ആര്‍.ഡിയുമാണ് സമിതി അംഗങ്ങള്‍. വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.
ജൂലൈ അഞ്ചിനകം സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത പ്രവേശന നടപടികള്‍ ആരംഭിക്കും. മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് പ്രതിസന്ധികളുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറത്ത് മാത്രം 7,054 സീറ്റിന്റെ കുറവുണ്ട്. പാലക്കാട് 1757, കാസര്‍കോട് 250 സീറ്റും കുറവെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ 1757 സീറ്റുകളുടെ കുറവുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റോടെ ഇതിന് പരിഹാരം കണ്ടെത്തും. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കും. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1,110 Less than a minute